
മണ്ണിനോട് മഴയ്ക്ക് പറയാനുള്ളതെല്ലാം
ഒരുപാടുണ്ടായിരുന്നു ...
ചോദിക്കാതെയും പറയാതെയും
സമയത്തും അസമയത്തും
മഴ മണ്ണിലേക്ക് പെയ്തു കൊണ്ടേയിരുന്നു ....
മണ്ണ് മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി ,
ഇമകളടച്ചു,നാണത്തെ ചുണ്ടുകളിൽ
പിടിച്ചു കെട്ടി
മഴയെ നെഞ്ചോടു ചേർത്ത് ..
മണ്ണ്, മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി
മഴയുടെ വിരലുകൾ മണ്ണിന്റെ
വിറയാർന്ന ഉടലാകെ ......
പെയ്തൊഴുകിക്കൊണ്ടേയിരുന്നു.
നിന്നിലേക്ക് പെയ്തു ചേരാൻ മാത്രമായിരുന്നു
ഞാൻ മേഘമായ് കാത്തിരുന്നതെന്ന്
മഴ നെഞ്ജുകീറി കാട്ടി, മണ്ണോട് ..
ഉള്ളമുരുകി,ഈ മണ്ണ് ദാഹമോടെ
കാത്തിരിക്കുന്നതും, മഴേ നിനക്കുവേണ്ടി
എന്ന് മണ്ണു പറഞ്ഞില്ല ,
എന്നു മണ്ണ് ചിരിച്ചേയുള്ളൂ ....
മഴ പെയ്തുകൊണ്ടേയിരുന്നു ...
നീ എന്റെ മാത്രമെന്ന് മണ്ണോടു
കാതിലും കവിളിലും
കാൽ വിരൽ തുമ്പിലും
മഴ ചുണ്ടു ചേർത്ത് പെയ്തുകൊണ്ടേയിരുന്നു
ഏറെ പെയ്തപ്പോൾ മണ്ണ് കെറുവിച്ചു,
എന്നെ നീ മുക്കി കൊന്നു കളയുമെന്നു
മണ്ണ് കണ്ണ് ചുവന്നു ..
മഴയുടെ കരളു നൊന്തു,
പിന്നെ അങ്ങു ദൂരെ ഒരര്‍ദ്ധരാത്രിയിലെപ്പോഴോ
കടലിന്റെ നീലിമയിൽ
ചാടി മരിച്ചു, മഴ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ