2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

ഇനിയെന്നെ കേൾക്കൂ ..






മുഷിഞ്ഞ എൻ വസ്ത്രങ്ങളും 
സ്മരണകളും അഴിച്ചെടുത്തട്ടിനി 
ചേലിലിലൊരുക്കിയ പട്ടട മെത്തയിൽ 
തനിയെ കിടത്തുമ്പോൾ ഓർക്കുക

നനഞ്ഞു പോയ എന്നോർമ്മകളെ
ഇസ്തിരിയിട്ടു വച്ചീടുക പിന്നെ,
വടക്കേ മുറിയിലെ അലമാരയിൽ
ആരെയും പിണക്കാതെ സൂക്ഷിച്ചു വയ്ക്കുക.

എരിഞ്ഞടങ്ങിയ എൻറെ പ്രാണൻറെ ശിഷ്ടങ്ങൾ
ഏറെ കരുതലോടെ വാരിയെടുക്കുക
ഏതഗ്നിയിലുമെരിയാതെ ഒരു ഹൃദയം
ഇനിയും സ്പന്ദിക്കുന്നുണ്ടായിരിക്കും.

സ്വീകരണമുറിയുടെ മാറാല ഭിത്തിയിൽ എന്റെ
ചിത്രം ചേർക്കണമെന്നുണ്ടെങ്കിൽ
ഒരു പനിനീർപ്പൂവിന്റെ ചിത്രം മതി .
എന്റെ ഓർമ്മകൾക്ക് ഭംഗിയുണ്ടാകട്ടെ

ഒടുവിൽ ഒസ്യത്ത് പങ്കിടുമ്പോൾ
സ്വന്തമായി ശേഷിച്ച എന്റെ നന്മതിന്മകളുടെ
സ്മരണയെ അലങ്കരിക്കാൻ ഒരു പിടി വാക്കുകൾ
മാത്രം എന്റെ പങ്കായി മാറ്റി വയ്ക്കുക.


ഇനിയീ മണ്ണിൽ നല്ലൊണത്തിനു
പൂക്കളമൊരുക്കാൻ തുംബയായും
കാക്കപ്പൂവായും വിടാരാൻ
വീണ്ടും ജനിച്ചു തളിർക്കാം .

കൈയൊന്നു കൊട്ടി വിളിക്കാത്ത
ഓർമ്മകളുടെ മരക്കൊമ്പിലും
ഒരു കാക്ക കരച്ചിലായ്
പിറന്നു കൊണ്ട് ഇനിയും കൂടെ ക്കൂടാം 

കവിതകൾ പറന്നു പൊങ്ങുമെങ്കിൽ





ഇതെന്റെ ഹൃദയം മുറിച്ച ചിത്രമാണ് 

ചിത്രങ്ങൾ മണക്കുമെങ്കിലിതിനു 

അവളുടെ മുടിയിലലിഞ്ഞ 

മുല്ലപ്പൂവിൻറെ സുഗന്ധമായിരിക്കും 

ഇതെന്റെ മൗനം ജനിച്ച അക്ഷരങ്ങളാണ്

പറന്നു പൊങ്ങുമെങ്കിൽ കവിതകൾ

നിൻറെ അധരങ്ങൾ തേടുന്ന

ശലഭങ്ങളായി തീർന്നേനെ ..

തൂവലിന്റെ ..





ദിനസരിയുടെ ചിറകിൽ നിന്നറ്റു പോയ

തൂവലാണ് ഞാൻ

നീയെന്ന വാനിലലിഞ്ഞു പോയതാണെന്റെ പക്ഷി 

നീയെന്നാകാശതിനു താഴേ ഇഴകൾ കുഴയാതെ 

മണ്ണിൽ വീണടരും വരെ പറക്കാൻ

ബാക്കി വച്ച ജീവനുണ്ടിതിൽ .

വെറും ഭ്രമങ്ങൾ


ഇന്നലെ കുടംബക്കാര് സ്കയ്പ്പീല് വന്നൂ ..
സുഖമല്ലേ ന്നു കേട്ടു .. 
പരമ സുഖമെന്നു കോപ്പി പേസ്റ്റ് ചെയ്തു. 

ഗൾഫൊക്കെ ഒന്നു കാണാൻ കൊതിയാകുന്നൂന്നു.. 
ക്യാമറ ഒന്ന് ഗൾഫിലേക്ക് തിരിച്ചു വയ്ക്കടാന്നു..!! 

നാട് കണ്ടു കൊതി തീർന്നില്ലാ ..!!
ലാപ്ടോപ്പോന്നു മുറ്റത്തേക്ക് തിരിച്ചു വക്കൂന്നു ഞാനും ...!!

കവിത മഴ




കാടിൻറെ കിളിമൗനം കവിതയായ് 
തേങ്ങുന്നതല്ലേ... 

പുഴയുടെ നെടുവീർപ്പുകൾ കവിതയായ് 
പൊങ്ങുന്നതല്ലെ... 

ഉള്ളം നിറയുന്നതും 
മുറിയുന്നതും 
കവിതയാകുന്നതല്ല ,
കവിതയായ് കരളു കവിയുന്നതല്ലേ...

മഴയായും
നിലവായും
പുലർ മഞ്ഞായും
മനം പെയ്യുന്നതല്ലേ കവിത....

നിൻ ചൊടിയിതളുകൾ മഴവില്ലഴകായ്
വിടരുന്നതല്ലേ കവിത...

തോരാത്ത മഴയായ്
നീ എന്നിൽ പെയ്യുന്നതല്ലേ കവിത....

തക ധിമി തരികിട ഓണം



ഓണമിങ്ങോടിയെത്തി നമുക്കൊരു
ഓണക്കളി കളിക്കാം
കഷ്ടം കുറച്ചുണ്ടേലും
നമുക്കിന്നീ ഓണം പൊടി പൊടിക്കാം

അപ്പുറത്തിപ്പുറത്തെ അടുപ്പിലൊ
തീയ് പുകയണില്ലാ
മണ്ണെണേം ഗ്യാസുമില്ല പാവങ്ങൾക്ക്
നെഞ്ചിലെ തീയേയുള്ളൂ

പുന്നെല്ലിൻ പുത്തരി ചോർ പിന്നെ നല്ല
പത്തു കൂട്ടം കറികൾ
പപ്പടം പായസവും പിന്നെ നാട്ടു
വാഴതൻ വാഴപ്പഴം

പാവങ്ങൾ പട്ടിണിക്കാർ സ്വപ്നത്തിലെ
നല്ലോണം പങ്കുവച്ചു
ഉത്രാട രാത്രിയിലെ കടത്തിണ്ണ
കണ്ണീരിൽ നീരാഴിയായ്

പൂവില്ല തുമ്പയില്ല തുമ്പി തുള്ളാൻ
തുമ്പിയെ കാണാനില്ല
എവിടെയോ പൊയ് മറഞ്ഞു
ഓർമ്മകളിൽ തപ്പി തടഞ്ഞു വീണു

ജീവിതം പൊറുതിമുട്ടി കുഞ്ഞുവയർ
നിറയാനോ കാശു പോരാ
ഒരു ചാക്കു തുട്ടും പോരാ ഇക്കാലത്ത്
ഒരു കിലോ പച്ചരിക്കും

പാണ്ടി ലോറി വന്നില്ലേൽ നാട്ടിലിന്നു
പൂക്കളം കാണത്തില്ല
വെണ്ട വഴുതനങ്ങ സദ്യക്കുള്ള
ഓലയും കാണത്തില്ല

സപ്പ്ളിക്കോ റേഷൻ കട ഇവയെല്ലാം
പേരിനോ പാവങ്ങൾക്ക്
മറിയാണേ മറിയാണല്ലോ അരിയെല്ലാം
അവറാന്റെ മില്ലിലേക്കും

പൊളിയല്ല സത്യമാണ് പെണ്ണിനിന്നു
വഴിയിലിറങ്ങാൻ വയ്യ
കഴുകന്റെ കണ്ണുമായി പീഡകന്മാർ
തെരുവിലലയുന്നുണ്ടേ .

ഫോറിനും വെട്ടിരുമ്പും എല്ലാവരും
മൂക്കു മുട്ടെ കുടിച്ച്
മുറ്റത്ത്‌ പൂക്കളം പോൽ
വാളു വെച്ചാൽ ഓണം തക ധിമിയായ്

കള്ളമില്ല ചതിയും അഴിമതി
എള്ളോളമേതുമില്ല
എന്നൊക്കെ സ്വപ്നം കാണാൻ പോലുമുള്ള
സ്കോപ്പിന്നോ കാണുന്നില്ല

കലികാല നേരമിത് പൊന്നരചൻ
മാവേലി തംമ്പുരാനേം
വർഗ്ഗീയ കണ്ണിലൂടെ കാണിന്നിന്നു
മത വെറി കേരളവും

മാവേലി തമ്പുരാനേ താഴെ നോക്കി
ശ്രെധ്ധിച്ചു വന്നില്ലങ്കിൽ
വഴി നീളെ ഗട്ടറാണ് കുഴിയിൽ വീണാൽ
പാതാളം പൂകിടുമേ

വന്നീടു പൊന്നരചാ നാട്ടിൽ നിന്റെ
നീതി നടപ്പിലാക്കൂ
ശാന്തിയുമാനന്ദവും ആവോളമീ
മണ്ണിൽ പുലർന്നിടട്ടെ 

അസ്ഥികളുടെ മതം


വൻ പ്രളയം വിശ്വാസിയോടും
അവിശ്വസിയോടും
രാഷ്ട്രീയമുള്ളവനോടും രാഷ്ട്രീയമില്ലാത്തവനോടും
വെളുത്തവനോടും കറുത്തവനോടും 
പ്രതാപിയോടും തെരുവ് തെണ്ടിയോടും
ഒരുപോലെ നീതി കാണിച്ചു

മൃതിയടഞ്ഞവരെ മതാചാര പ്രകാരം സംസ്കരിക്കാൻ
വിവിധമതസ്തർ
അസ്ഥികൂമ്പാരങ്ങൾരങ്ങൾക്കിടയിൽ
തങ്ങളുടെ ആളുകളെ തിരഞ്ഞു

അസ്ഥിക്കൂടുകളിൽ മതചിഹ്നങ്ങൾ
ഇല്ലാതിരുന്നതിനാൽ
തങ്ങളുടെ ആളുകൾ ചത്തില്ലന്നു സന്തോഷിച്ചു
ആൾക്കൂട്ടങ്ങൾ പിരിഞ്ഞു തുടങ്ങി

അപ്പോഴേക്കും
അസ്ഥികളിലെ ജാതിയും മതവും
നിറവും രാഷ്ട്രീയവും
വയറിനു പിടിക്കാഞ്ഞതിനാൽ
മരക്കൊമ്പുകളിൽ കൂടിയിരുന്ന കഴുകന്മാർ
വയറിളക്കം കൊണ്ടു പൊറുതി മുട്ടാൻ തുടങ്ങി .

ഒറ്റക്കാകുമ്പോൾ



മഴ നനഞ്ഞും വെയിലേറ്റും
ഒറ്റമൈന അതിരില്ലാ വാന-
മാകെ ചിറകടിച്ചു പറന്നു 
ഓർമ്മകൾ കരളു നീറ്റുമ്പോൾ 
മരച്ചില്ലകളിൽ തലയടിച്ച് ഒറ്റമൈന തേങ്ങി കരഞ്ഞു 

ഇമ്പമോടെ ഇണയോട് കൊക്കുരുമ്മി
പാടിയ പാട്ടിന്റെ ശീലുകൾ മൂളവേ
കണ്ഠമിടറി നാദം തേങ്ങലായ് വീണുടഞ്ഞു

ഒറ്റക്കാകുമ്പോൾ
എല്ലാം വേദനയാകുന്നു .....
ഒറ്റപ്പെടലിന്റെ അടയാളം ഞാൻ ഒറ്റമൈന
വിരഹത്തിന്റെ ഓർമ്മപ്പെടുത്തൽ ഞാൻ
ഒറ്റമൈന
സങ്കടത്തിന്റെ ചിത്രമാണ് ഈ ഒറ്റമൈന

ഒരു പുഴയായി നീയിങ്ങനെ

Photo: ഒരു പുഴയായി നീയിങ്ങനെ
***********************

നിൻറെ തൂവലുകൾ കടം കൊണ്ട
ചിറകിലാണ്,ഇരുൾ കനക്കുന്ന 
അഗാശ ചെരുവിലൂടുള്ള എൻറെ 
തനിച്ചുള്ള പറക്കൽ 

നിൻറെ ചിരിയുടെ വളപ്പൊട്ടുകൾ
ചേർത്ത് വച്ച ഇത്തിരി കവിതയുടെ 
മണ്‍ കുടമാണ് , ഇന്നെൻറെ
ദീർഘ നിശ്വാസങ്ങളുടെ അഭയ സ്ഥാനം

മുകിലലകൾ മറനീക്കി നീ വിതറും
ഇത്തിരി നിലാവൊളിയിലാണ്
ഞാനിന്നു, രാവ്‌ പകലെന്നും
പകലു രാവെന്നുമൊക്കെ വായിച്ചെടുക്കുന്നത് 

വെള്ളാരം കല്ലുകൾ ചിരിക്കുന്ന
ഒരു പുഴയായി നീയിങ്ങനെ.. 
വെയിലായും  അഴലു കുതിരും മഴയായും  , 
എനിക്കെന്നും നീ  വിസ്മയം 

നീയെന്ന നീല സമുദ്രത്തിലെ
ആഴത്തിലെപ്പഴോ ആണ്ടു പോയ
എന്നിലെ എന്നെ ഇനിയും തിരയുന്ന 
വ്യർത്ഥതയ്ക്ക്  ഇനി വിരാമമിടാം.

നെഞ്ചിൽ നീ കൊളുത്തിയ
നാളം ഒരിക്കലും അണയാതിരിക്കാൻ  
വിശ്വാസത്തിന്റെ കരിമ്പടത്താൽ പൊതിഞ്ഞു പിടിക്കും   
മനസ്സിൻറെ ഇതളുകൾക്കുള്ളിൽ
ആഗാശം കാണാതെ  ഞാൻ നിന്നെ കാത്തു സൂക്ഷിക്കും .
         Samjichettikkad__

നിൻറെ തൂവലുകൾ കടം കൊണ്ട
ചിറകിലാണ്,ഇരുൾ കനക്കുന്ന 
അഗാശ ചെരുവിലൂടുള്ള എൻറെ 
തനിച്ചുള്ള പറക്കൽ

നിൻറെ ചിരിയുടെ വളപ്പൊട്ടുകൾ
ചേർത്ത് വച്ച ഇത്തിരി കവിതയുടെ
മണ്‍ കുടമാണ് , ഇന്നെൻറെ
ദീർഘ നിശ്വാസങ്ങളുടെ അഭയ സ്ഥാനം

മുകിലലകൾ മറനീക്കി നീ വിതറും
ഇത്തിരി നിലാവൊളിയിലാണ്
ഞാനിന്നു, രാവ്‌ പകലെന്നും
പകലു രാവെന്നുമൊക്കെ വായിച്ചെടുക്കുന്നത്

വെള്ളാരം കല്ലുകൾ ചിരിക്കുന്ന
ഒരു പുഴയായി നീയിങ്ങനെ..
വെയിലായും അഴലു കുതിരും മഴയായും ,
എനിക്കെന്നും നീ വിസ്മയം

നീയെന്ന നീല സമുദ്രത്തിലെ
ആഴത്തിലെപ്പഴോ ആണ്ടു പോയ
എന്നിലെ എന്നെ ഇനിയും തിരയുന്ന
വ്യർത്ഥതയ്ക്ക് ഇനി വിരാമമിടാം.

നെഞ്ചിൽ നീ കൊളുത്തിയ
നാളം ഒരിക്കലും അണയാതിരിക്കാൻ
വിശ്വാസത്തിന്റെ കരിമ്പടത്താൽ പൊതിഞ്ഞു പിടിക്കും
മനസ്സിൻറെ ഇതളുകൾക്കുള്ളിൽ
ആഗാശം കാണാതെ ഞാൻ നിന്നെ കാത്തു സൂക്ഷിക്കും 

അമ്മിണി..നിന്നെയും കൊണ്ടേ ഞാൻ പോകൂ


എത്ര തവണയാ ഇത് കണ്ടനെ കാട്ടിൽ കൊണ്ട് പോയ്‌ കളയുന്നത് ...
എങ്ങിനെ കളയാതിരിക്കും ..?
കണ്ടൻ ഒരു കാടൻ പൂച്ചയാണ് ...
മുറ്റത്ത് പലകയിട്ടിരുന്നു മീൻ വെട്ടുമ്പൊഴാണൊരിക്കൽ
മ്യാവു മ്യാവുന്നുകരഞ്ഞുകൊണ്ട് ആദ്യമായ് കണ്ടൻ കയറിവന്നത് ..
ആദ്യം കല്ലിടുത്തെറിഞ്ഞുനോക്കി ...
എന്നിട്ടും പിന്നേം മ്യാവു മ്യാവുന്നു കരഞ്ഞു കൊണ്ടു വന്നു ..
പിന്നെ പിന്നെ കല്ലിടുത്തെറിഞ്ഞില്ല .. മീനിന്റെ ചെകിളയും വാലുമൊക്കെ കൊടുത്തു ..
കണ്ടന്റെ ഉണ്ട കണ്ണും ചുവന്ന നാക്കും, മീശയുമൊക്കെ അമ്മിണിക്കിഷട്ടായി ....
മ്യാവു മ്യാവുന്നു കരയുമ്പോൾ, പാടുന്ന പൂച്ച യാണെന്നും അമ്മിണിക്ക് തോന്നി
പിന്നെ പിന്നെ കണ്ടന് മീനിൻറെ നടുക്കഷ്ണവും,ഹൃദയവും കരളും കൊടുത്തു ...
കണ്ടൻ അമ്മിണിയുടെ കാൽ വിരലുകളിൽ നക്കിതോർത്തിയും
കൊലുസ്സിട്ട കാലുകളിൽ ചുറ്റി പിണഞ്ഞും അമ്മിണിയുമൊത്ത് സ്നേഹം ചേർന്നു .

പറഞ്ഞിട്ടെന്താ കാര്യം..!!
അവൻറെ കൈയ്യിലിരിപ്പ്‌ തീരെ മോശാ ..കാടൻ പൂച്ചയല്ലേ ..!
ഓമനിക്കാൻ മടിയിലെടുത്താൽ
കൂർത്ത നഖം കൊണ്ട് കവിളിലും കാൽ പാദങ്ങളിലും മാന്തി വേദനിപ്പിക്കും
പിന്നെ , അമ്മിണിടെ കഞ്ഞീം പാലുമൊക്കെ കട്ട് കുടിക്കും ...

കണ്ടനെ കാട്ടിൽ കളഞ്ഞാൽ പിന്നെ അമ്മിണിക്കും സങ്കടാ ..!!
അമ്മിണിക്ക് ചുറ്റും വലിയ ശുന്യത നിറയും ...
നെഞ്ചിൽ ആരോ അടുപ്പ് കൂട്ടുന്ന പോലെ....
പിന്നെ അമ്മിണിക്ക് ചോറിറങ്ങത്തില്ല ..

പിന്നെ അമ്മിണി മറ്റൊന്നും ഓർക്കില്ല ..
കണ്ടന്റെ കുറുമ്പും നഖങ്ങളുടെ മൂർച്ചയും ..ഒക്കെ മറക്കും ..
ആറിനക്കരെക്കോടും....തൊട്ടാവാടി കാട്ടിൽ കണ്ടനുണ്ടോന്നും നോക്കി ....
അമ്മിണിയവിടെ എത്തും മുൻപേ
അമ്മിണിയെത്തേടി കണ്ടനെത്തിയിരിക്കും..
ലോകത്തിൻറെ ഇതു കോണിൽ കൊണ്ട് പൊയ് കളഞ്ഞാലും
അമ്മിണിയിലേക്ക് തന്നെ കണ്ടൻ തിരിച്ചു വരും ...
അമ്മിണിയുടെ കാൽവിരൽ തുമ്പിലെ ഗന്ധമാണ് അവൻറെ ദിശാ സൂചിക ...
കാടിനക്കരെപ്പോയാലും, കടലിനക്കരെയായാലും ആ ഗന്ധം അവൻ തിരിച്ചറിയും .....
അമ്മിണിയുടെ മടിയിലിരുന്നപ്പോൾ കണ്ടൻ പറഞ്ഞു ..
"അമ്മിണി നീ എന്നെ കൊന്നാലും പോവൂല ഞാൻ .."
അമ്മിണി : "കണ്ടാ നീ എന്നെ കൊണ്ടേ പോകൂ ..?.."

മണ്ണിനോട് മഴയ്ക്കുണ്ടായിരുന്നത്.

Photo: മണ്ണിനോട് മഴയ്ക്കുണ്ടായിരുന്നത്.  
******************************
മണ്ണിനോട് മഴയ്ക്ക് പറയാനുള്ളതെല്ലാം 
ഒരുപാടുണ്ടായിരുന്നു ...
ചോദിക്കാതെയും പറയാതെയും 
സമയത്തും അസമയത്തും
മഴ മണ്ണിലേക്ക് പെയ്തു കൊണ്ടേയിരുന്നു ....
മണ്ണ് മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി , 
ഇമകളടച്ചു,നാണത്തെ ചുണ്ടുകളിൽ
പിടിച്ചു  കെട്ടി  
മഴയെ നെഞ്ചോടു ചേർത്ത് ..
മണ്ണ്, മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി 
മഴയുടെ വിരലുകൾ മണ്ണിന്റെ 
വിറയാർന്ന ഉടലാകെ ......
പെയ്തൊഴുകിക്കൊണ്ടേയിരുന്നു. 

നിന്നിലേക്ക്‌ പെയ്തു ചേരാൻ മാത്രമായിരുന്നു 
ഞാൻ മേഘമായ് കാത്തിരുന്നതെന്ന് 
മഴ നെഞ്ജുകീറി കാട്ടി, മണ്ണോട് ..
ഉള്ളമുരുകി,ഈ മണ്ണ് ദാഹമോടെ 
കാത്തിരിക്കുന്നതും, മഴേ നിനക്കുവേണ്ടി 
എന്ന് മണ്ണു പറഞ്ഞില്ല ,
എന്നു മണ്ണ് ചിരിച്ചേയുള്ളൂ ....

മഴ പെയ്തുകൊണ്ടേയിരുന്നു ...
നീ എന്റെ മാത്രമെന്ന് മണ്ണോടു 
കാതിലും കവിളിലും 
കാൽ വിരൽ തുമ്പിലും 
മഴ ചുണ്ടു ചേർത്ത് പെയ്തുകൊണ്ടേയിരുന്നു

ഏറെ പെയ്തപ്പോൾ മണ്ണ്  കെറുവിച്ചു, 
എന്നെ നീ മുക്കി കൊന്നു കളയുമെന്നു 
മണ്ണ് കണ്ണ് ചുവന്നു ..
മഴയുടെ കരളു നൊന്തു, 
പിന്നെ അങ്ങു ദൂരെ ഒരര്‍ദ്ധരാത്രിയിലെപ്പോഴോ
കടലിന്റെ നീലിമയിൽ 
ചാടി മരിച്ചു, മഴ ...
---Samji chettikkad----

മണ്ണിനോട് മഴയ്ക്ക് പറയാനുള്ളതെല്ലാം 
ഒരുപാടുണ്ടായിരുന്നു ...
ചോദിക്കാതെയും പറയാതെയും 
സമയത്തും അസമയത്തും
മഴ മണ്ണിലേക്ക് പെയ്തു കൊണ്ടേയിരുന്നു ....
മണ്ണ് മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി , 
ഇമകളടച്ചു,നാണത്തെ ചുണ്ടുകളിൽ
പിടിച്ചു കെട്ടി
മഴയെ നെഞ്ചോടു ചേർത്ത് ..
മണ്ണ്, മഴയുടെ ഉമ്മകളെ ഏറ്റുവാങ്ങി
മഴയുടെ വിരലുകൾ മണ്ണിന്റെ
വിറയാർന്ന ഉടലാകെ ......
പെയ്തൊഴുകിക്കൊണ്ടേയിരുന്നു.

നിന്നിലേക്ക്‌ പെയ്തു ചേരാൻ മാത്രമായിരുന്നു
ഞാൻ മേഘമായ് കാത്തിരുന്നതെന്ന്
മഴ നെഞ്ജുകീറി കാട്ടി, മണ്ണോട് ..
ഉള്ളമുരുകി,ഈ മണ്ണ് ദാഹമോടെ
കാത്തിരിക്കുന്നതും, മഴേ നിനക്കുവേണ്ടി
എന്ന് മണ്ണു പറഞ്ഞില്ല ,
എന്നു മണ്ണ് ചിരിച്ചേയുള്ളൂ ....

മഴ പെയ്തുകൊണ്ടേയിരുന്നു ...
നീ എന്റെ മാത്രമെന്ന് മണ്ണോടു
കാതിലും കവിളിലും
കാൽ വിരൽ തുമ്പിലും
മഴ ചുണ്ടു ചേർത്ത് പെയ്തുകൊണ്ടേയിരുന്നു

ഏറെ പെയ്തപ്പോൾ മണ്ണ് കെറുവിച്ചു,
എന്നെ നീ മുക്കി കൊന്നു കളയുമെന്നു
മണ്ണ് കണ്ണ് ചുവന്നു ..
മഴയുടെ കരളു നൊന്തു,
പിന്നെ അങ്ങു ദൂരെ ഒരര്‍ദ്ധരാത്രിയിലെപ്പോഴോ
കടലിന്റെ നീലിമയിൽ
ചാടി മരിച്ചു, മഴ ...

കവിത പോലെ പാട്ട് പോലെ




മിഴികളിൽ നിറയു നീ 
കവിതയായ് കരളിൽ പടരു നീ 
ഒരു കാറ്റിൻ കൈകളിൽ
ഒരു പാട്ടിൻ തോണിയിൽ
അണയൂ നീ ...എന്നിൽ നിറയു നീ ..

സ്മൃതിയിൽ മൌനമായ്
കനവിൽ ചിരിതൻ നിലവുമായ്
അലിയു നീ ഉയിരിൽ പിണയു നീ
എന്നുയിരിൽ കലരു നീ

പുഴയിലെ നീരലകൾ പോൽ
വനിയിലെ മുകിലലകൾ പോൽ
നമുക്കൊഴികിടാം ഇനിയും
മൃതിതൻ ഉപരിയായ്
നിത്യ ഹരിതമായ് ...


*************************




വിരലുകളൊഴുകുമീ ഇതളിന്റെ വരികളിൽ 
പടരുന്ന ശോകത്തിൻ നനവറിയുന്നില്ലെ നീ 
ഉയിരിൻ വിളക്കിലിന്നെരിയുന്ന നാളമിതു 
പൊലിയുവാനുലയുന്ന തറിയുന്നതില്ലെ നീ


ഒരു വാക്ക് പറയാതെ ചുണ്ടിലാ
ച്ചിരിതന്റെ അരളിപ്പൂ വിടരാതെ
പിരിയുന്ന വേളയിലെൻ നെഞ്ചിലൊരുപാട്
നോവിന്റെ കനലുകൾ നീ തൂവിയില്ലേ ..


ഇനിയുമീ രാവിന്റെ നിഴലുകൾ അലിയുവാൻ
ഒരു പൌർണ്ണമി തിങ്കളായെന്നിൽ നിറയുമോ
ജീവനിൽ ഉറയുന്ന അഴലിന്റെ മുകിലുകൾ
വരളുന്ന ഹൃദയത്തിൽ മഴയായി പെയ്യുമോ 


ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..

"Empowering women" ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..



"Empowering women" ജോഷി കുമാരൻറെ സംസാരിക്കുന്ന ശിൽപ്പം..

22 May 2013 at 05:48
പോരാട്ടത്തിന്റെ ചരിത്രത്തിനു മനുഷ്യാസംസ്കാരത്തോളം പഴക്കമുണ്ടായിരിക്കണം..അതൊരു പിടച്ചിലാണ്...ജീവനുവേണ്ടിയുള്ള പിടച്ചിൽ.. ശ്വോസിക്കാൻ പ്രാണവായു കിട്ടാതാകുമ്പോൾ ...മാരക മുറിവുകളാൽ പ്രാണൻ വിട്ടകലുന്നു എന്നാകുമ്പോൾ ഒരു പിടച്ചിലുണ്ട്.. കുടിക്കാൻ വെള്ളം കിട്ടാതാകുമ്പോൾ ...അന്നം മുട്ടുമ്പോൾ ...ഒക്കെ നമ്മൾ ഇത് പോലെ പിടയും ...അതിനെയാണ് സമരമെന്നു വിളിക്കുന്നത്‌........ ,ഇന്ന് ഒരു ജനാധിപത്യരാഷ്ട്രത്തിൽ സമരങ്ങൾക്ക് വിലയില്ലാതായിപ്പോയത് കക്ഷിരാഷ്ട്രീയക്കാർ സമരത്തെ വ്യഭിചരിച്ചത് കൊണ്ടാണ് ....താലൂക്കൊഫീസുകൽക്കു മുന്നിൽ ധർണ്ണ ..പോസ്റ്റൊഫീസിനുമുന്നിൽ ധർണ ....ബസുകൾ,ട്രെയിനുകൾ തടഞ്ഞിട്ടു സമരം..റോഡുകൾ ഉപരോധിച്ചിട്ടു സമരം ...കുഞ്ഞുങ്ങളുടെ പഠിപ്പ് മുടക്കി സമരം ...രോഗികളെ പോലും വഴിയിൽ തടഞ്ഞിട്ടു ഹർത്താലെന്നു പേരിട്ട ഭ്രാന്ത്..അങ്ങിനെ പോകുന്നു ഈ സമരാഭാസങ്ങൾ ...ഇവിടെ ഈ സമരങ്ങൾ ഫലത്തിൽ സാധാരണക്കാരായ ജനങ്ങള്ക്കെതിരെയല്ലേ നടക്കുന്നത് ...?പറഞ്ഞു വന്നത് നാളുകൾക്കു മുൻപ് കേരളം കണ്ട ഒരു യഥാർത്ഥ സമരത്തെ കുറിച്ചാണ് ... അതൊരു പിടച്ചിലായിരുന്നു ...ജീവിക്കാൻ വേണ്ടിയുള്ള പിടച്ചിൽ ... ഈ ഭൂമിയിൽ ജീവിക്കാനായി മാത്രം സമരം ചെയ്ത മനുഷ്യരുടെ കഥയാണത് ..കോതമംഗലം മാർ ബസേലിയസ് ഹോസ്പിറ്റലിലെ നേര്സുമാർ, തൊഴിലാളികളുടെ അടിസ്ഥാന പരമായ ആവശ്യങ്ങളായ മിനിമംവേതനം നടപ്പിലാക്കുക ,എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾക്കായി ഒരു മുഖ്യധാരാ രാഷ്ട്രീയ സന്ഖടനകളുടെയും സഹായമില്ലാതെ , നടത്തിയ സമരത്തിന്റെ ഒരു ഖട്ടത്തിൽ ,നൂറ്റി പതിനാലാമത്തെ ദിവസവും മാനേജ്മെന്റിൽ നിന്നും ,തൊഴിൽ വകുപ്പിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ അവഗനണനയിൽ മനം മടുത്ത നെഴ്സുമാരിൽ മൂന്ന് പെണ്‍കുട്ടികൾ ആത്മഹത്യ സമരവുമായി ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിലയുറപ്പിക്കുകയുണ്ടായി..ജീവിക്കാൻ വേണ്ടിയുള്ള മനുഷ്യന്റെ പിടച്ചിലായിരുന്നു ഈ യഥാര്ഥ സമരമെന്നു, ഉള്ളിൽ തട്ടിയറിഞ്ഞ നാൾ മുതൽ ജോഷി കുമാരൻ എന്ന ആ കലാകാരന്റെ മനസ്സിൽ ഒരു ശിൽപ്പം വാര്ന്നു വീണിരുന്നു ..പതിനഞ്ചു അടി വലുപ്പത്തിൽ പേപ്പർ പൾപ്പും,ചാക്കും, തടി കഷ്ണങ്ങളും,കെട്ട് കമ്പി ,തെർമോകോൾ..മുതലായ പാഴ് വസ്തുക്കൾ മാത്രം മാധ്യമമായു പയോഗിച്ചാണ് മനോഹരമായ ഈ ശില്പ്പം ഒരു സഹായിയുമൊത്തു പതിനാറു മണിക്കൂറുകൊണ്ടു ജോഷി തീർത്തത്.. Empowering women എന്നു നാമകരണം ചെയ്ത ഈ ശില്പ്പം അബുദാബി കേരളാ സോഷ്യൽ സെന്റെറിൽ മെയ്‌ 16 നു "യുവകലാസന്ധ്യ" ദിനത്തിൽ ബിജിമോൾ MLA അനാശ്ചാദനം ചെയ്തു പ്രദർശിപ്പിക്കുകയുണ്ടായി ..ചില നിശ്ചലദൃശ്യങ്ങൾ കാഴ്ചകളുടെ തലങ്ങളും പിന്നിട്ടു സംവാദങ്ങളുടെ,സങ്കീർണ്ണമായ സംവേതനങ്ങളിലേക്ക് നമ്മെ ക്ഷെണിക്കും.ജോഷിയുടെ ഈ സൃഷ്ട്ടി അത്തരത്തിലുള്ളതാണ്

മതങ്ങൾ എത്ര ബോറായി.





നോക്കൂ ...മതങ്ങൾ എത്ര ബോറായിപ്പോയി ...

ഇങ്ങനെ നടക്കാവൂ ...

ഇങ്ങനെ കിടക്കാവൂ ..

ഇങ്ങനെ കുടിക്കാവൂ..

ഇങ്ങനെ തിന്നാവൂ ..

ഇങ്ങനെ ഉടുക്കാവൂ ..

ഇങ്ങനെ ചിരിക്കാവൂ ....

ഇപ്പോൾ മതങ്ങൾ കുറച്ചുകൂടി ചൊറിയാൻ തുടങ്ങി ..

ആരോടൊപ്പമൊക്കെ നടക്കണം ..

ആരോടൊപ്പമൊക്കെ ഇരിക്കണം ..

ആരോടൊപ്പമൊക്കെ പഠിക്കണം ..

ആരോടൊപ്പമൊക്കെ സംസാരിക്കണം ..

വന്നു വന്നു എന്തു കാണണം എന്തു ഭക്ഷിക്കണം

എന്നുകൂടി തീരുമാനിക്കാനുള്ള നമ്മുടെ നാവിന്റെ അധികാരം കൂടി

അവർ കൈപ്പിടിയിലാക്കി ..

ഏതു നിറം കാണണം ..

ഏതു ചാനൽ കാണണം ..

ഏതു പത്രം വായിക്കണം ..

...........

എങ്ങിനെ ജനിക്കണം...

എങ്ങിനെ മരിക്കണം ....

ഇത് കറുപ്പാണ് എന്നു ആരോ പറഞ്ഞതെത്ര കറക്റ്റാണ് ...

ഇനി...




നീ 
കനി
ജനി

നിനവു 
മൌനം
നനഞ്ഞു

ഇനി...
ഞാനീ 
വനിയില്‍
പനിക്കും
കനവ്

എന്നോടങ്ങിനെ നീയും




നെഞ്ചില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു 
ആഴിപ്പരപ്പില്‍ കടല്‍ 
അതിന്‍ അജ്ഞാതമാം അദ്രിശ്യമാം ആഴം. 

കണ്ണെത്താത്ത അനന്തതയുടെ ചുഴികളില്‍ 
അടക്കിവചിരിക്കുന്നു 
അപരിമിതം വാനം 
അതിന്‍ രഹസ്യങ്ങള്‍ 

സാന്ദ്രമായ ഇരുട്ടിനുള്ളില്‍
നിഗൂഢമായി രാത്രി
അടക്കിവച്ചിരിക്കുന്നു പകലിന്‍ കാഴ്ചകളെ

സ്ഥൂലമായ പച്ചപ്പിനുള്ളില്‍
പുതച്ചു മൂടി വച്ചിരിക്കുന്നു
നിബിഡമാം കാട്
അസന്ഖ്യം പ്രാണന്റെ തുടിപ്പുകളെ

കടലോളം
കാടോളം
വാനത്തോളം
രാത്രിയുടെ സാന്ദ്രതയോളമോ പോലെ
നിന്‍ സ്നേഹത്തിന്‍
ആഴം ..അനന്തത ..സാന്ദ്രത ..നിബിഡത 

നിലാവ് എല്ലാം കേട്ടതാണ്




ഭാവനയുടെ ഇഴനാരുകള്‍ 
കീറി നെയ്‌തെടുത്ത സ്വപ്നത്തിനു 
ഇന്നലെ ജീവന്‍ വച്ചു 
പാദസ്വരങ്ങള്‍ കിലുക്കി 
ആരെയും ഉണര്‍ത്താതെ 
അവള്‍ ചാരെ വന്നിരുന്നു ..
അപ്പോള്‍ തൊടിയില്‍ മഴ
ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു
പുറത്ത് പാടത്തു നെല്‍കതിരുകള്‍
ആനന്ദനൃത്തം ചെയ്യുന്നുണ്ടായിരുന്നു
പുഴയില്‍ ,കുന്നിന്‍ ചെരുവിലെ മരച്ചില്ലകളില്‍,
തെങ്ങോല തുന്ജുകലില്‍
മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു ..
ചേര്‍ന്നിരുന്നു അവള്‍
കാതില്‍ ചൊല്ലിയ രഹസ്യങ്ങള്‍
പാതി തുറന്നിട്ട ജാലകങ്ങള്‍ വഴി
നിലാവും കേട്ടതാണ്...
മധുരമുള്ള, തുടിക്കുന്ന ഹൃദയം
ചോദിച്ചപ്പോള്‍
പറിച്ചെടുത്തു കൊടുത്തു..
പിന്നീടു.....
എപ്പോഴോ പാതിരാവില്‍
പ്രജ്ഞയറ്റു മയങ്ങിയതും
ഉണര്‍ന്നപ്പോള്‍ ചാരെ അവളെ കണ്ടതില്ല ...
പിന്നെ അറിഞ്ഞത്
പുറത്തെ തൊടിയില്‍
കാക്കകള്‍ കൊത്തി വലിക്കുകയായിരുന്ന
ആ രക്ത പിണ്ഡം
ഇടനെഞ്ചില്‍ തുടിച്ചിരുന്ന
എന്‍റെ ഹൃദയംതന്നെയെന്നായിരുന്നു .

*നിലാവിനൊരു കുറിമാനം
"ഇനിയും കാണുമ്പോള്‍ അവളോട്‌ ചോദിക്കണം
ആ ഹൃദയം മുഴുക്കെ നിറഞ്ഞിരുന്ന പ്രണയം നീ കണ്ടിരുന്നോ ?"

മഴ നിഴലുകള്‍ 




മഴ നിഴലുകള്‍ 
മണ്ണില്‍ വരച്ച ചിത്രങ്ങള്‍,
വയല്‍ കിനാവുകള്‍ 
നിദ്ര തന്‍ പടിയിറങ്ങും മുന്‍പേ 
പാടെ മാഞ്ഞു പോയിരുന്നു ..