2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

മധുരം പാടിയ ഗായകാ.


പ്രിയ ഗായകാ ഇതാ എന്‍ കരളില്‍ വിടര്‍ന്ന പൂക്കള്‍ 
കണ്ണീരിന്‍ ഉപ്പു കലര്‍ന്ന ഈ പനിനീര്‍പൂക്കള്‍ 
ഒരു കാവ്യമാലയായ്‌ നിന്‍ സ്മൃതിമണ്ഡപത്തില്‍,
അണിയൂ,..അണിയൂ മധുരം പാടിയ ഗായകാ. 
പ്രിയ സംഗീത സംവിധായകന്‍ ജോണ്സണ്‍ മാസ്റ്ററുടെ ഓര്‍മയ്ക്ക് മുന്നില്‍  



 മധുരം പാടിയ ഗായകാ.


പ്രിയ പാട്ടുകാരാ,.
പാട്ടിന്‍ പൂവാടിയില്‍
പരിമളം തൂകിടുന്നു 
നിന്‍റെ  കുറെ വാടാ മലരുകള്‍. 
നിറയുന്നെന്നിലാ പൂക്കള്‍ 
തന്‍  സുഗന്ധമാകെയും. 
പ്രിയ മാസ്റ്റര്‍,.
നിന്‍ ഈണം പകര്‍ന്ന 
ശ്രുതി നിലാവ്  
നിറഞ്ഞിരുന്നൂ എന്‍ 
ജീവിത വഴികളിലെന്നും.
സ്വപ്നങ്ങളില്‍ 
മഴവില്ല് നീര്‍ത്തിയിരുന്നൂ -  
നിന്‍ ഹര്‍ഷ ബാഷ്പ ഗീതികള്‍ . 
മറന്നിടാനാകുമോ 
നിന്‍ സുസ്വര ശ്രുതി മഴകള്‍. 
നീ പകര്‍ന്ന ഈണത്തിന്‍ 
വര്‍ണച്ചിറകുകള്‍-  
വീശിയാ ഗാനഗഗന 
വീഥികളിലാകെ പറന്നിടാന്‍,
നിന്‍ ഭാവഗാന യമുനയില്‍ 
നീന്തി നീരാടുവാന്‍; 
പിറന്നീടണമിനിയുമീയുലകിലെന്നു 
മോഹിചിടട്ടെ.   
കൈക്കുടന്ന നിറയെ 
തിരു മധുരോതര ഈണങ്ങളാല്‍   
കരളുകളില്‍ തേനിംബം നിറച്ചിടാന്‍ -
ഇതളടര്‍ന്ന ഈ വഴിയിലൂടെ 
വരുമോ നീ ഇനിയുമീയുലകില്‍,
ഗാന വസന്തമേ . 
എന്‍ പ്രിയതന്‍ 
പൂതേന്‍ ചിരിപോല്‍  മധുരമാം
നിന്‍ നാദമധുരഗാനവീചികള്‍ 
മനതാരില്‍ നിറയെ 
അറിയുന്നു ഞങ്ങളില്‍ നിന്ന് നീ 
മുറിഞ്ഞടര്‍ന്ന വേദന.   
ഇനിയും പിറക്കാനിരുന്ന 
നിന്‍ മധുര ഗീതങ്ങള്‍- 
തുടിക്കുന്നു നിന്‍ ഗിറ്റാറിനുള്ളില്‍,
ഉയിര്‍ക്കൊണ്ട് പിറന്നിടാന്‍ 
പ്രിയ ഗായകാ 
ഇതാ എന്‍ കരളില്‍ വിടര്‍ന്ന പൂക്കള്‍ 
കണ്ണീരിന്‍ ഉപ്പു കലര്‍ന്ന 
ഈ പനിനീര്‍പൂക്കള്‍ 
ഒരു കാവ്യമാലയായ്‌ 
നിന്‍ സ്മൃതിമണ്ഡപത്തില്‍,
അണിയൂ,..അണിയൂ 
മധുരം പാടിയ ഗായകാ.  

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഞാന്‍ ജോര്‍ജ്,ചന്ദനമരങ്ങളുടെ സ്നേഹിതന്‍



മണ്ണില്‍,കാറ്റില്‍, മനസ്സുകളില്‍ 
ചന്ദന ഗന്ധം നിറയും മറയൂരില്‍ 
മരണവും പിന്നിട്ടെത്തി പിന്നെയും ,
ഈ ചന്ദനാരണ്യകത്തില്‍ ഒരു കാവലാളായ്.
ഞാന്‍ ജോര്‍ജ്, ചന്ദന മരങ്ങള്‍തന്‍ സ്നേഹിതന്‍.
കലര്‍ന്നുപൊയ് ഈ മണ്ണിലെന്‍ ആത്മാവ്. 
എത്രയോടി കളിച്ചീ ചന്ദനമരങ്ങള്‍ക്കിടയിലെന്‍ ബാല്യം.
എത്ര ഞാന്‍ വാരിനുകര്‍ന്നീ ചന്ദനസുഗന്ധങ്ങളാകെയും 
സ്മൃതിയില്‍ നിറഞ്ഞുനില്പൂ ഇപ്പോഴുമാ മരങ്ങള്‍ 
കാണാതായവ,ഒന്നൊന്നായി കണ്‍മുന്നില്‍ നിന്നുമായ്. 
ചന്ദനം നിറച്ചു പൂത്തുലഞ്ഞ കാട് ശൂന്യമാകുന്നു 
നഗ്നയാകും ഭൂമിക്ക് നാണംമറച്ചിടാന്‍ 
നല്‍കാനെനിക്കിന്നു ഒന്നുമേയില്ല
നിസ്സംഗമാം മൌനമല്ലാതെ.
പൊട്ടിത്തെറിച്ചെന്‍ കലാപമനസ്സന്നു 
പത്രക്കാരോടായ്, ഒരു ഭ്രാന്തനെപ്പോല്‍.   
കടപിഴുതെടുക്കപ്പെട്ട ചന്ദനമരങ്ങള്‍ക്കായി -
ഖിന്നനായ് പൊട്ടിക്കരഞ്ഞു .
അന്നെന്‍ കണ്ണുകളിലെരിഞ്ഞ കോപാഗ്നിയില്‍ 
ദന്ദഗോപുരവാസികളാം ജനസേവകര്‍തന്‍ 
ഉടുവസ്ത്രങ്ങള്‍ കത്തിയമര്‍ന്നു.
ചാരിവച്ചു ഞാനന്ന്,അപായ സൂചകങ്ങള്‍.
വിളവു തിന്നിടും വേലികളില്‍ .
"കള്ളനുംപോലീസും" കോലങ്ങള്‍ - 
കെട്ടിയാടി അട്ടഹസിച്ചാഖോഷിചൂ,അധികൃതര്‍.
വിലയുള്ള കടലാസ്സിലെ ഗാന്ധിതല  
വിലപിച്ചൂ തന്‍ ഗതികേടോര്‍ത്ത്.   
ചന്ദനമരങ്ങളുടെ അസ്ഥിമാടങ്ങളില്‍ -
തലതല്ലി കേണുകരഞ്ഞു,വേദനയില്‍ നീറി.
മരങ്ങളില്ലാത്ത,ശൂന്യതയില്‍ എന്‍ വനരോദനം-
മാറ്റൊലികൊള്ളാതെ ചിതറിവീണു,കുഴിമാടങ്ങളില്‍. 
ഒരിക്കലൊരു ചന്ദനമരത്തിന്‍ 
സുഗന്ധ നിര്ഭരമാം നിലാ തണലില്‍ 
ഒടുക്കി ഞാനെന്‍ പ്രാണനന്നു.
മരമില്ലാ മറയൂരിന്‍ നഗ്നഭൂമിതന്‍ വിജനമാം 
വിദൂരതയില്‍ ഞാനന്ന് നടന്നകന്നൊരു ബിന്ദു മാത്രമായ്‌ .
ചന്ദനമരങ്ങള്‍ക്ക് വെറുമൊരു ഓര്‍മ മാത്രമിന്നുഞാന്‍ . 
ഞാന്‍ ജോര്‍ജ്,ചന്ദന മരങ്ങളുടെ സ്നേഹിതന്‍,
ചന്ദനക്കാടിന്റെ അദൃശ്യനാം ഒറ്റയാള്‍ കാവലാള്‍.