2013 നവംബർ 17, ഞായറാഴ്‌ച

കാതിക്കുടത്തെ തീവ്രവാദികള്‍




ജലാറ്റിന്‍ ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന 
ഒരു പാവം വ്യവസായിയുടെ വളര്‍ച്ചയില്‍ 
അസൂയ പൂണ്ട കൊടും തീവ്രവാദികളായ- 
ചാലക്കുടി പുഴയും ..
തെമ്മാടിയായ വടക്കന്‍ കാറ്റും ..
അസൂയ നെഞ്ചില്‍ നുരയുന്ന വയല്‍ മണ്ണും ...
"ഭൂമി മുഴുവന്‍ എന്‍റെ തണലിലാടാ"
എന്നഹങ്കരിച്ചു നെഞ്ചുവിരിച്ചു നില്‍ക്കുന്ന 

പൊതുശല്യക്കാരായ തേന്മാവും പരിവാരങ്ങളും..
മലിനജലം എന്ന് ഇവര്‍ വിളിക്കുന്ന
പനിനീരൊഴുകുന്ന നിറ്റായുടെ കുഴലുകളെ
ചുളിഞ്ഞ മുഖത്തോടെ നോക്കി നില്‍ക്കാറുള്ള
സംശയരോഗികളായ നാട്ടുപൂക്കളും
ആസ്മ, ക്യന്‍സര്‍ പോലുള്ള സുഖമുള്ള രോഗങ്ങളാല്‍
ധനികരായ മനുഷ്യകുഞ്ഞുങ്ങളും,
അനിവാച്യമായ ചൊറിച്ചിലും ദുര്‍ഗന്ധവും
അനുഭൂതി പകരുന്ന ഒരു കാതിക്കുടം രാത്രിയില്‍
അനാശാസ്യമായി യോഗം ചേര്‍ന്നു .

യഥാര്‍ഥത്തില്‍ ചാലക്കുടിപ്പുഴയിലെ മീനുകള്‍
വ്യക്തിപരമായ കാരണങ്ങളാല്‍
ആത്മഹത്യ ചെയ്യുന്നതാണ്.
നെല്‍കതിരുകളും ചെടികളുമൊക്കെ
തൊഴില്‍പരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി
സ്വയം വന്ധീകരണം ചെയ്തതാണ്
കാതിക്കുടത്തുകാര്‍ ക്യാന്‍സര്‍ എന്നൊക്കെ
പറഞ്ഞു നടക്കുന്നത് വെറുതെ ജാടക്ക് വേണ്ടിയാണ്
കുഞ്ഞുങ്ങള്‍ ബാല്യം ഇഷ്ട്ടപ്പെടുന്നത് കൊണ്ട്
മന:പ്പൂര്‍വം സ്വയം വളര്‍ച്ച മുരടിപ്പിക്കുന്നതാണ്

നോക്കൂ നിറ്റാ...
നാളെ പ്രഭാതം വിടരുമ്പോള്‍ ഒരു പൂവുപോലും
വിടരാതിരിക്കാന്‍ ..
നിന്‍റെ ഇടത്തും വലത്തും ഞങ്ങള്‍ കൂട്ടിരിക്കാം. 

2013 നവംബർ 9, ശനിയാഴ്‌ച

വിശന്നപ്പോ സൈമണ്‍ ..



കള്ളും കഞ്ചാവുമടിച്ചു സദാ കിറുങ്ങി നടക്കുന്നതിനാല്‍ 
സൈമന്‍റെ അപ്പന്‍ വെറുമൊരു കോപ്പനായിരുന്നു. 
സൈമന്‍റെയും ആനി പെങ്ങളുടെയും വയറ്റിലെ
തീയണക്കാന്‍ ത്രേസ്യാമ്മ ഒരെയോരാടിനെ പട്ടിണിക്കിടും
തെക്കേലേം വടക്കേലേം
പടിഞ്ഞാറേലേം കിഴക്കേലേം
കഞ്ഞിക്കലങ്ങളുടെ അടിയൂറുന്നത്
ആടു വെറുതെ സ്വപ്നം കണ്ടു അയവിറക്കി കിടക്കും
കള്ളും കഞ്ചാവും തൊടാത്ത മണ്ണ്സാബുവിന്‍റെ
നാലിലെ കിങ്ങിണിയുടെ
നേം സ്ലിപ്പുകീറാത്ത
എട്ടിലെ റോഷന്‍റെ
സ്റ്റിക്കര്‍ പൊളിക്കാത്ത
പുതു മണം വറ്റിയ പുസ്തകങ്ങള്‍..
തൈപ്പു വിട്ട ..
പൂട പൊന്തിയ..
വെള്ള ബട്ടന്‍സുകള്‍ക്കിടയില്‍
ചുവന്ന ബട്ടന്‍ ചമ്മി ചിരിക്കുന്ന യൂണിഫോമുകളും
ഒപ്പിച്ചെടുക്കാന്‍
സൈമന്‍റെ അമ്മയെ കാലം പരിശീലിപ്പിച്ചു
സൈമന്‍റെ അപ്പനെ നേരെയാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍
പൊട്ടാ ധ്യാന കേന്ദ്രത്തിലെ കുഴലു വളഞ്ഞു പോയതല്ലാതെ
സൈമന്‍റെ അപ്പന്‍ നേരയായില്ല
രാജുവിനും മെയ്‌സനും ടൂഷനുള്ളത് പോലെ
സൈമണ് ടൂഷനില്ലാത്തതിനാല്‍ സൈമണ്‍
പള്ളിപ്പറമ്പില്‍ ചുറ്റിക്കറങ്ങി
അന്തോണീസു പുണ്യാളന്‍ ഒപ്പീസ് കൊടുക്കുന്നുണ്ടോന്നു
ഇടയ്ക്കു ഇടയ്ക്കു ചെന്ന് നോക്കും..
ഒരു നരച്ച ബുധനാഴ്ച വൈകുന്നേരം
അന്തോണീസു പുണ്യാളന്‍ സൈമനെ മാടി വിളിച്ചു
സൈമണ്‍ അള്‍ത്താരക്കുമുന്നില്‍ മുട്ടേല് നിന്നു
മുന്നിലെ കാണിക്ക വഞ്ചിയേം അന്തോനീസു പുണ്യാളനേം
മാറി മാറി നോക്കീട്ടു ചോദിച്ചു
"പുണ്യാളന്‍ ചെട്ടിക്കാട്ടിലെ ഏറ്റവും വലിയ പണക്കാരനാനല്ലേ"
പുണ്യാളന്‍ ചിരിച്ചു ചിരിച്ചു..
കണ്ണാടിക്കൂടില്‍ തല കുത്തിചിരിച്ചു.
"സൈമാ നീ ഉടുപ്പ് വാങ്ങാനും വയറു നിറച്ചു ബിരിയാണി കഴിക്കാനും
ആവശ്യമുള്ള കാശേടുത്തോടാ മോനെ"
അന്തോണീസു പുണ്യാളന്‍ പറഞ്ഞു ..
സൈമണ്‍ സിനിമാ സ്റ്റയിലില്‍ ഈര്‍ക്കിലില്‍ ബബിള്‍ഗം കുത്തി
50..100....50 .....
അന്തോണീസു പുണ്യാളന്‍ ചിരിച്ചു..
സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു..
അതിനിടയില്‍ തോളില്‍ ഏതോ ഒരു കൈത്തലം അമര്‍ന്നു
അത് അന്തോണീസു പുണ്യാളന്‍റെ കൈയ്യായിരുന്നില്ല.

2013 നവംബർ 7, വ്യാഴാഴ്‌ച

മഴയെ നിന്‍റെ പേരിട്ടു വിളിക്കാന്‍ കാരണം




മഴതുള്ളികളില്‍ അടര്‍ന്നു വീണ 
നീലാകാശം പോലെ
നിന്‍റെ നക്ഷത്ര കണ്ണുകളില്‍ 
പ്രണയം തിളങ്ങുന്നതിനാല്‍ മാത്രമല്ല 
മഴയെ നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം

ഇപ്പൊ പെയ്യുമെന്നു കരുതി
പൊള്ളുന്ന വെയില്‍ കായാനിട്ട
തുണികളും വിറകും വാരി മാറ്റി
നോക്കിയിരുന്നപ്പോഴൊക്കെ
മുകില്‍ മാലകള്‍ക്കിടയിലേക്ക് ഞൊടിയില്‍
ഊര്‍ന്നു പോകാറുള്ളതുകൊണ്ട് മാത്രമല്ല
മഴയെ നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം

വരണ്ടു കീറിയ വിരസ വേനലില്‍
മഞ്ഞച്ചും പിന്നെ ഉണങ്ങിയും
ഇലകളടര്‍ന്ന എന്‍റെ മരച്ചില്ലകളില്‍
നിനച്ചിരിക്കാതെ പെയ്തു പെയ്തു
പ്രാണന്‍റെ തുടിപ്പു പകരുന്നതിനാല്‍ മാത്രമല്ല
മഴയ്ക്ക് നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം..

ചിലപ്പോഴൊക്കെ തുലാമഴയുടെ ആവേഗം..

മഴ,
നൂലിഴകളാല്‍ തൊടുമ്പോള്‍
നിന്‍ തൂവിരല്‍ സ്പര്‍ശനത്തിന്‍ സാന്ത്വനം..

മഴയുടെ നിശ്വാസങ്ങള്‍ക്കു
നിന്‍റെ ചുണ്ടുകളുടെ ചൂട്..

മഴയില്‍ കുളിച്ചു വരുന്ന കാറ്റിനു
നിന്‍റെ പിന്‍ കഴുത്തിന്‍റെ അതെ ഗന്ധം..

മഴയുടെ തോര്‍ച്ചയ്ക്കു
നിന്‍റെ രതിമൂര്‍ച്ചയുടെ ആലസ്യം..

മഴയില്ലാത്ത മണ്ണ്..
നീയില്ലാത്ത മണ്ണ്‌...

അതെ, മഴയ്ക്ക് നിന്‍റെയല്ലാതേതു പേരിട്ടു വിളിക്കാന്‍ ?