2013 നവംബർ 7, വ്യാഴാഴ്‌ച

മഴയെ നിന്‍റെ പേരിട്ടു വിളിക്കാന്‍ കാരണം




മഴതുള്ളികളില്‍ അടര്‍ന്നു വീണ 
നീലാകാശം പോലെ
നിന്‍റെ നക്ഷത്ര കണ്ണുകളില്‍ 
പ്രണയം തിളങ്ങുന്നതിനാല്‍ മാത്രമല്ല 
മഴയെ നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം

ഇപ്പൊ പെയ്യുമെന്നു കരുതി
പൊള്ളുന്ന വെയില്‍ കായാനിട്ട
തുണികളും വിറകും വാരി മാറ്റി
നോക്കിയിരുന്നപ്പോഴൊക്കെ
മുകില്‍ മാലകള്‍ക്കിടയിലേക്ക് ഞൊടിയില്‍
ഊര്‍ന്നു പോകാറുള്ളതുകൊണ്ട് മാത്രമല്ല
മഴയെ നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം

വരണ്ടു കീറിയ വിരസ വേനലില്‍
മഞ്ഞച്ചും പിന്നെ ഉണങ്ങിയും
ഇലകളടര്‍ന്ന എന്‍റെ മരച്ചില്ലകളില്‍
നിനച്ചിരിക്കാതെ പെയ്തു പെയ്തു
പ്രാണന്‍റെ തുടിപ്പു പകരുന്നതിനാല്‍ മാത്രമല്ല
മഴയ്ക്ക് നിന്‍റെ പേരിട്ടു വിളിക്കാനുള്ള കാരണം..

ചിലപ്പോഴൊക്കെ തുലാമഴയുടെ ആവേഗം..

മഴ,
നൂലിഴകളാല്‍ തൊടുമ്പോള്‍
നിന്‍ തൂവിരല്‍ സ്പര്‍ശനത്തിന്‍ സാന്ത്വനം..

മഴയുടെ നിശ്വാസങ്ങള്‍ക്കു
നിന്‍റെ ചുണ്ടുകളുടെ ചൂട്..

മഴയില്‍ കുളിച്ചു വരുന്ന കാറ്റിനു
നിന്‍റെ പിന്‍ കഴുത്തിന്‍റെ അതെ ഗന്ധം..

മഴയുടെ തോര്‍ച്ചയ്ക്കു
നിന്‍റെ രതിമൂര്‍ച്ചയുടെ ആലസ്യം..

മഴയില്ലാത്ത മണ്ണ്..
നീയില്ലാത്ത മണ്ണ്‌...

അതെ, മഴയ്ക്ക് നിന്‍റെയല്ലാതേതു പേരിട്ടു വിളിക്കാന്‍ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ